ഒരു മയത്തിലൊക്കെ കോപ്പിയടിക്കണ്ടേ? ടർക്കിഷ് ഗായിക 'പുഷ്പ'യിലെ 'ഊ ആണ്ടവ' കോപ്പിയടിച്ചതായി ദേവിശ്രീ പ്രസാദ്

അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ ദി റൈസ്’ൽ സാമന്ത റൂത്ത് പ്രഭു ഡാൻസ് നമ്പറുമായി എത്തിയ കിടിലൻ ഗാനമായിരുന്നു ഊ ആണ്ടവ. ഇപ്പോഴിതാ പാട്ട് കോപ്പിയടിച്ചു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്.

ടർക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച ‘അൻല്യാന’ എന്ന പാട്ടിന് ‘ഊ ആണ്ടവ’ എന്ന ഗാനവുമായി സമാനതകളുണ്ടെന്നും അത് കോപ്പിയടിച്ചതാണെന്നുമാണ് ദേവിശ്രീ പ്രസാദ് ആരോപിക്കുന്നത്. ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി പേർ ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോൾ ടർക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. ഗായിക അറ്റിയേ ആലപിച്ച പതിപ്പ് ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും. അവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ചും എന്തുചെയ്യണമെന്ന് ആലോചിക്കുന്നതിനെക്കുറിച്ചും ഞാൻ ആലോചിക്കുകയാണ്. പക്ഷേ, ഞങ്ങളുടെ തെലുങ്ക് ഗാനം പകർത്തിയതിൽ എനിക്ക് അഭിമാനമുണ്ട്,’ ദേവിശ്രീ പ്രസാദ് പറഞ്ഞു.

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ യൂട്യൂബ് വീഡിയോയുടെ കമന്റ് സെക്ഷനിൽ സാമ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏഴ് മാസം മുൻപ് പുറത്തിങ്ങിയ തുർക്കിഷ് ഗാനം വമ്പൻ ഹിറ്റാണ്. ഈ ചെറിയ കാലയളവിൽ തന്നെ 1.8 ബില്യൺ ആളുകൾ ഈ ഗാനം യൂട്യബിൽ കണ്ടിട്ടുണ്ട്.

Read more