ഇനി ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നടിയാകണ്ട, നല്ല ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി; ആഗ്രഹം തുറന്നുപറഞ്ഞ് ഷീല

ഇനി ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് നടിയാകണ്ട പത്രപ്രവര്‍ത്തകയായാല്‍ മതിയെന്ന് ഷീല. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല തിരുവനന്തപുരത്ത് പറഞ്ഞു.

ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് പ്രദര്‍ശനം. ഒഴിവുസമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറ് കടന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രദര്‍ശനങ്ങള്‍ക്ക് ഷീല സമ്മതിച്ചത്.

പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുമ്പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ വരയ്ക്കുന്നതിലേറെയുമെന്ന് ഷീല പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി.