നിര്‍മ്മാതാക്കള്‍ ഷെയ്ന്‍ നിഗമിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് 'അമ്മ'

നടന്‍ ഷെയ്ന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍. ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അമ്മ ഭാരവാഹികള്‍ ഇക്കാര്യം പറഞ്ഞത്.

മുടങ്ങിയ ചിത്രത്തിന് ഒരു കോടി രൂപ നിര്‍മ്മാതാക്കള്‍ നഷ്ട പരിഹാരം ആവശ്യപ്പെടുകയും അതു നല്‍കാന്‍ അമ്മ സംഘടന വിസമ്മതിക്കുകയും ചെയ്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍ ഇത്രവലിയ തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ കഴിയില്ലെന്നും അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്ന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെക്കുറിച്ച് അവര്‍ നേരത്തേ സൂചന പോലും നല്‍കിയിരുന്നില്ല- അമ്മ ഭാരവാഹികള്‍ പറഞ്ഞു.

ഇടയ്ക്കുവെച്ചു മുടങ്ങിപ്പോയ ചിത്രങ്ങളായ ഖുര്‍ബാനി, വെയില്‍ എന്നീ സിനിമകളുടെ നഷ്ടങ്ങള്‍ക്കുള്ള പരിഹാരമായാണ് ഒരുകോടി രൂപ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്ക് അങ്ങനെ അല്ലെന്ന് ഇടവേള ബാബു പറഞ്ഞു.