ടിക്കറ്റെടുക്കാന്‍ വരുന്നവരോട് 'തൊട്ടപ്പന്‍' മോശമാണെന്നു വരെ പറയുന്നു, നിറത്തിന്റെയും നിലപാടിന്റെയും പേരില്‍ ഒരാളുടെ സിനിമയെ തകര്‍ക്കരുത്; വൈറലായി തിരക്കഥാകൃത്തിന്റെ കുറിപ്പ്

തൊട്ടപ്പന്‍ കാണാനെത്തുന്നവരെ സിനിമ മോശമാണെന്ന് വരെ പറഞ്ഞ് തിയേറ്ററുകാര്‍ മടക്കി അയക്കുന്നുവെന്ന ആരോപണവുമായി സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീഖ്. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയും നിറത്തിന്റെയും പേരില്‍ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തു തോല്‍പ്പിക്കേണ്ടതാണെന്നും റഫീഖ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പി.എസ് റഫീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘പ്രിയ സുഹൃത്തുക്കളേ, ഇതൊരഭ്യര്‍ത്ഥനയാണ്..
തൊട്ടപ്പന്‍ കളിക്കുന്ന പല തിയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തിയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു.

പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തിയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്. ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..’