'ഗണേഷേട്ടന്‍ വരാനാണ് കാത്തിരുന്നത്, സാറൊന്ന് വിളിക്കോ, മോളുടെ കണ്ണു തുറപ്പിക്ക്'; വേദനയായി ശരണ്യയുടെ അമ്മ

നടി ശരണ്യയുടെ വിയോഗത്തിന്റെ വേദനയിലാണ് സഹപ്രവര്‍ത്തകരും പ്രേക്ഷകരും. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടനും എംഎല്‍എയുമായ കെ.ബി ഗണേശ് കുമാറിനോട് അമ്മ പ്രതികരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വേദനയാവുന്നത്.

”ഗണേഷേട്ടന്‍ വരാനാ കാത്തിരുന്നു, മോള്‍ടെ കണ്ണു തുറപ്പിക്ക്, സാറൊന്നു വിളിക്കോ, വേറെ ആരും വിളിക്കുന്നില്ല,” എന്നിങ്ങനെയാണ് മകളുടെ വേര്‍പാട് വിശ്വസിക്കാനാവാതെ ശരണ്യയുടെ അമ്മ പറയുന്നത്. മകളുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന ശരണ്യയുടെ അമ്മ ഒരു നൊമ്പരക്കാഴ്ചയാവുകയാണ്.

നടിയും ശരണ്യയുടെ അടുത്ത സുഹൃത്തുമായ സീമ ജി നായരും അമ്മയ്‌ക്കൊപ്പമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ശരണ്യയുടെ അന്ത്യം. പത്തു വര്‍ഷത്തോളം നീണ്ട കാന്‍സര്‍ പോരാട്ടത്തിനിടെ കോവിഡ് കൂടി ബാധിച്ചതോടെയാണ് ശരണ്യയുടെ ആരോഗ്യം മോശമായതും മരണത്തിന് കീഴടങ്ങുന്നതും.

2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.