വിവാദം ഒഴിയുന്നില്ല, മണിക്കൂറുകളോളം ബാല ഫ്‌ളാറ്റില്‍ പൂട്ടിയിട്ടുവെന്ന് ആറാട്ടണ്ണന്‍; സന്തോഷ് വര്‍ക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുന്നുവെന്ന് നടന്‍

യൂട്യൂബര്‍ ചെകുത്താനെ നടന്‍ ബാല ഭീഷണിപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ ഫ്‌ളാറ്റിലെത്തി ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സിന്റെ പരാതി. ബാലക്കൊപ്പം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും ഒപ്പമുണ്ടായിരുന്നുവെന്നും അജു പറഞ്ഞിരുന്നു.

തൃക്കാക്കര സ്റ്റേഷനില്‍ അജു അലക്‌സിനൊപ്പമെത്തി സന്തോഷ് വര്‍ക്കി ബാലക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. തന്നെ മണിക്കൂറുകളോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു എന്നാണ് സന്തോഷ് വര്‍ക്കിയുടെ മൊഴി. അജുവിന്റെ ഫ്‌ളാറ്റില്‍ വച്ച് ബാല തോക്കുചൂണ്ടിയെന്നും ഇയാള്‍ പറയുന്നു. അതേസമയം, സന്തോഷ് വര്‍ക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചു.

താന്‍ ആരെയും തടവില്‍ വച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. സന്തോഷ് വര്‍ക്കി അടുത്തിടെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ബാല, സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിലാണ് ബാലക്കെതിരെ അജു അലക്‌സ് വ്‌ളോഗ് ചെയ്തത്. ഇതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്‌ളാറ്റിലെത്തിയത്. അജു അലക്സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുല്‍ ഖാദറാണ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ബാലക്കെതിരെ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.

സംഭവ സമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. തനിക്കെതിരെ നല്‍കിയത് കള്ളപ്പരാതിയാണെന്ന് ബാല പ്രതികരിച്ചു. ഫ്‌ളാറ്റില്‍ നടന്ന സംഭവത്തിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ നടന്‍ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

അജു പൊലീസ് സ്റ്റേഷനില്‍ പോകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് വീഡിയോ റെക്കോഡ് ചെയ്തത്. ആളുകളെ അധിക്ഷേപിച്ച് വ്‌ലേളാഗ് ചെയ്യരുതെന്ന് പറയാനാണ് ഫ്‌ലാറ്റില്‍ പോയതെന്നും ഭാര്യയും ജിം കോച്ചും ഡ്രൈവറും ഒന്നിച്ച് ഉണ്ടായിരുന്നുവെന്നും ബാല പറയുന്നുണ്ട്.