തിയേറ്റര്‍ ഉടമകള്‍ കുറച്ചു കൂടി ഉള്‍ക്കാഴ്ചയോടെ നീങ്ങിയെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു: മരക്കാര്‍ സഹ നിര്‍മാതാവ് സന്തോഷ് ടി കുരുവിള

തിയേറ്റര്‍ ഉടമകള്‍ കുറച്ചു കൂടി ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമായിരുന്നുവെന്ന് ചിത്രത്തിന്റെ സഹനിര്‍മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള. കൊവിഡ് പ്രതിസന്ധി മാറി വരുന്നെങ്കിലും സിനിമ രംഗത്ത് അനിശ്ചിതത്വം തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് മരക്കാര്‍ ഒടിടി റിലീസിലേക്ക് മാറ്റിയെതെന്നും മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ ഉറങ്ങികിടക്കുന്ന തിയേറ്ററുകളെ ഉണര്‍ത്താനുള്ള ഒരു മാര്‍ഗമാകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ മലയാളത്തില്‍ നിന്ന് ലോകത്തിന്റെ ഉത്തുംഗത്തിലേക്ക് എത്തുകയാണ്. 2018 മുതല്‍ ഈ സിനിമക്കായി ഞാനടക്കമുള്ള നിര്‍മാതാക്കള്‍ നിക്ഷേപം നടത്തി തുടങ്ങുമ്പോള്‍ തിയേറ്റര്‍ റിലീസ് എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ മഹാമാരി താണ്ഡവം തുടരുന്ന സാഹചര്യത്തില്‍ വിനോദം പുതിയ രീതികളിലേക്ക് മാറണം. അതിന്റെ ഭാഗമായിട്ടാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ എന്ന മഹാനടനിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചിത്രം എന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ലക്ഷ്യം അതിന് താനടക്കമുള്ളവര്‍ ഒപ്പം നിന്നുവെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.