മുപ്പത് വര്‍ഷം കൂടി ലഭിച്ച അവസരമെന്ന് സന്തോഷ് ശിവന്‍, 'അഭയം തേടി, വീണ്ടും'എം.ടിയും സന്തോഷ് ശിവനും ഒരുമിക്കുന്നു

മുപ്പത് വര്‍ഷങ്ങള്‍ക്കൊടുവില്‍ എംടി വാസുദേവന്‍ നായരുടെ കഥയ്ക്ക് സന്തോഷ് ശിവന്റെ ദൃശ്യഭാഷ്യം. ‘അഭയം തേടി, വീണ്ടും’ എന്ന ഈ സിനിമയുടെ ചിത്രീകരണം വായനാട്ടില്‍ പൂര്‍ത്തിയായി.

അജയന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന സിനിമയ്ക്കാണ് എംടിയും സന്തോഷ് ശിവനും അവസാനമായി ഒരുമിച്ചത്. മൂന്ന് സനിമയ്ക്കായി സന്തോഷ് ശിവനും എംടിയും ഒരുമിച്ചിട്ടുണ്ടെങ്കിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ആദ്യ എംടി സിനിമയാണ് ‘അഭയം തേടി, വീണ്ടും’.

 

”30 വര്‍ഷത്തിനിടെ എംടിയുടെ പല സിനിമകളുടെയും ഭാഗമാവാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സംഭവിച്ചില്ല. ഏറെ ആഹ്ലാദത്തോടെയാണ് ഈ അവസരത്തെ കാണുന്നത്.” സന്തോഷ് ശിവന്‍ പറഞ്ഞു. വയനാട്ടിലെ എടയ്ക്കല്‍, പുല്‍പള്ളി, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സിദ്ദിഖ്, നസീര്‍ സംക്രാന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണ് ‘അഭയം തേടി വീണ്ടും’. ജയരാജ്, പ്രിയദര്‍ശന്‍ എന്നിവരടക്കം അഞ്ച് സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടുത്തിയ ആന്തോളജി മൂവി നെറ്റ്ഫ്ളിക്സ് ആണ് നിര്‍മിക്കുന്നത്.