എന്തിനായിരുന്നു അന്നത്തെ കെ.എസ്.ആര്‍.ടി.സി യാത്ര? വീണ്ടും ശ്രദ്ധ നേടി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് കെഎസ്ആര്‍ടിസിയില്‍ നടത്തിയ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി സുബി സുരേഷ് അടക്കമുള്ളവര്‍ താരത്തിന്റെ ലാളിത്യത്തെ വാഴ്ത്തി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. എന്തിനായിരുന്നു പണ്ഡിറ്റിന്റെ ഈ ബസ് യാത്രയെന്നും ഇതിനെന്താ ഇത്ര പുതുമയെന്നും ചോദിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അതിനുള്ള ഉത്തരമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. നല്ലൊരു കക്കൂസ് പോലുമില്ലാത്ത ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് സന്തോഷ് യാത്ര പുറപ്പെട്ടത്.

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ബസില്‍ യാത്ര ചെയ്ത് വെഞ്ഞാറമൂട്ടിലുള്ള അവരുടെ വീട്ടില്‍ എത്തുകയായിരുന്നു സന്തോഷ്. മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ആദ്യപടി സഹായമായി ഇവര്‍ക്ക് കക്കൂസ് വെയ്ക്കാനുള്ള സൗകര്യമാണ് താരം നല്‍കിയത്.

ഇതിന് വേണ്ട സാധനങ്ങള്‍ നടന്‍ എത്തിച്ചു നല്‍കി. നല്ലൊരു വീട് എന്ന സ്വപ്നമാണ് അവര്‍ക്ക് ഇനി ബാക്കിയുള്ളതെന്നും അതിന് തന്നാല്‍ കഴിയും വിധം സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.