ഷാരൂഖ് ചിത്രത്തില്‍ നയന്‍താരയില്ല; കിംഗ് ഖാന്റെ നായികയാകാന്‍ സാമന്ത

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് പകരം സാമന്ത എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറിയതായും, അതിനാല്‍ സാമന്ത നായികയാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പൂനെയില്‍ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായിരുന്നു.

എന്നാല്‍, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോവുകയാണ്. ഷാരൂഖ് എന്ന് സിനിമാ തിരക്കുകളിലേക്ക് കടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

ചിത്രീകരണം നീണ്ടു പോകുന്നതിനാല്‍ ഡേറ്റിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെയാണ് സാമന്ത നായികയാവും എന്ന വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ചിത്രത്തില്‍ പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുക. ഇരട്ടവേഷത്തിലാണ് ഷാരൂഖ് വേഷമിടുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.