സൗന്ദര്യയുടെ ബയോപിക് വരുന്നു; നായികയായി സായ് പല്ലവി?

Advertisement

രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സൗന്ദര്യയുടെ മരണം. താരത്തിന്റെ ബയോപിക് ഒരുങ്ങുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, താരം സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രം പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിരാടപര്‍വം, ലവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് സായിയുടെതായി ഒരുങ്ങുന്നത്.

കന്നട സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനുമായ കെ.എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18-ന് ആണ് സൗന്ദര്യ ജനിച്ചത്. എംബിബിഎസ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം.

തുടര്‍ന്ന് ഇതിഹാസ നടന്‍ കൃഷ്ണയുടെ നായികയായി ‘റൈതു ഭരതം’ എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു. കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുന്‍നിര നായികയായി മാറി. ‘മോഡേണ്‍ തെലുങ്ക് സിനിമയുടെ സാവിത്രി’ എന്നായിരുന്നു സൗന്ദര്യ വിശേഷിപ്പിക്കപ്പെട്ടത്.