പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍; ഓര്‍മ്മകളുമായി സംവിധായകന്‍ ആര്‍. എസ് വിമല്‍

അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ “എന്ന് നിന്റെ മൊയ്തീന്‍” ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചു വര്‍ഷം തികയുകയാണ്. പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നാണ് സംവിധായകന്‍ ആര്‍. എസ് വിമല്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി”” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/RSVimalOfficial/posts/2087750384690371

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു.

എം. ജയചന്ദ്രനും മഹേഷ് നാരായണനും സംഗീതം ഒരുക്കി യേശുദാസ്, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ടൊവിനോ തോമസ്, ബാല, സായ്കുമാര്‍, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.