പോസ്റ്റ് ഇടുന്നതിന് മുമ്പ് ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും: റിമ കല്ലിങ്കല്‍

ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തില്‍ ഒരു മതവിഭാഗത്തിനും ജില്ലക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടി റിമ കല്ലിങ്കല്‍. മലപ്പുറത്തല്ല മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്, ഇതിന്റെ പേരില്‍ മലപ്പുറം ജില്ലയും അവിടുത്തെ മുസ്ലിം ജനവിഭാഗവും ആക്രമിക്കപ്പെടുന്നത് വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് റിമ കുറിച്ചു.

റിമ കല്ലിങ്കലിന്റെ കുറിപ്പ്:

ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികള്‍ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മണ്ണാര്‍ക്കാട് ചിലപ്പോള്‍ മലപ്പുറവുമായി തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിമുകളായ ജനങ്ങളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചാരണമാണ് അതിന് പിന്നിലെന്നത് തെളിവാണ്.

കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുമ്പ് നമ്മള്‍ നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും. മൃഗങ്ങളുടെ സുരക്ഷയോ പടക്കം വെച്ച് കെണിയൊരുക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയോ ഇവിടുത്തെ പ്രശ്‌നമേ അല്ല ഇപ്പോള്‍. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്.

നേരത്തെ സംഭവത്തില്‍ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവര്‍ത്തകയും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നിരുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.