'മതസമ്മേളനങ്ങള്‍ ഒഴിവാക്കി, ഭക്ഷ്യ കിറ്റ് നല്‍കി, പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു'; കോവിഡ് നിയന്ത്രണത്തില്‍ കേരളത്തെ മാതൃക ആക്കണമെന്ന് ബോളിവുഡ് നടി

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രീതിയില്‍ ആയിരുന്നു കേരളത്തിന്റെ പ്രവര്‍ത്തനം എന്നാണ് റിച്ച ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാമ്പയിനില്‍ കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ അവര്‍ പഴയ നിലയിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ബഹുജന മതസമ്മേളനങ്ങളെല്ലാം റദ്ദാക്കി”” എന്നാണ് റിച്ചയുടെ ട്വീറ്റ്.

അതേസമയം, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

സംസ്ഥാനത്ത് ശനിയാഴ്ചയും ഞാറായാഴയും ലോക്ഡൗണ്‍ ആണ്. കൂടാതെ രാത്രികാല കര്‍ഫ്യൂവുമുണ്ട്. വോട്ടെണ്ണല്‍ ദിവസം ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ആഹ്ലാദ പ്രകടനങ്ങള്‍ ഉണ്ടാവില്ല.