വ്യാപക പ്രതിഷേധമുണ്ടാകും, ക്രമസമാധാന നില തകരും; 'കേരള സ്റ്റോറി' തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്, ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

‘ദ കേരള സ്റ്റോറി’ സിനിമ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ തമിഴ് മാധ്യമപ്രവര്‍ത്തകനും സത്യം ന്യൂസ് എഡിറ്ററുമായ ബി.ആര്‍ അരവിന്ദാക്ഷന്‍ ആണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്‌നാട് ഡിജിപ്പിക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു.

കൂടാതെ തമിഴ്‌നാട് സര്‍ക്കാരിനും കേരള സര്‍ക്കാരിനും കേന്ദ്ര സംസ്ഥാന സെന്‍സര്‍ ബോര്‍ഡുകള്‍ക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കി. എന്നാല്‍ ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല.

മെയ് 5ന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചതോടെ അരവിന്ദാക്ഷന്‍ മദ്രാസ് ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്.

വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തലത്തില്‍ ഇതിനെ കുറിച്ചൊരു തീരുമാനം വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കേരള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.