മോഹന്‍ലാലിനെ നായകനാക്കി ദക്ഷിണേന്ത്യയിലെ ആദ്യ വെബ്‌സിനിമ; കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി

ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. കേരളകൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് പുതിയ സംരംഭത്തെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.

യുഎസ് കമ്പനിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തി. ഏറെ രസകരമായ സബ്‌ജെക്ടാണ് ഇത്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഹിന്ദിയിലായിരിക്കും. ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

സിനിമയ്ക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ഇതിനൊപ്പം പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. ചിത്രത്തിന്റെ നിര്‍മ്മാണം രാജീവ് പനക്കല്‍. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കി ചിത്രം സംവിധാനം ചെയ്തത്.