രഞ്ജിത്ത് ശങ്കര്‍, നിങ്ങളുടെ കാലില്‍ ചുറ്റിയത് നീലക്കൊടുവേലി; സണ്ണിയുടെ പ്രേക്ഷക പ്രതികരണം

ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി’ ആമസോണ്‍ പ്രൈമില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് റിലീസ് ചെയ്തത്. സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രകടനം കൊണ്ട് സണ്ണി എന്ന കഥാപാത്രത്തെ ജയസൂര്യ ഗംഭീരമാക്കിയിട്ടുണ്ട് എന്ന് തന്നെ പറയാമെന്നാണ് പ്രേക്ഷകരുടെ പക്ഷം. സണ്ണി കടന്ന് പോകുന്ന മാനസിക അവസ്ഥകളൊക്കെ മികച്ച രീതിയില്‍ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ചെറുതായി ഒരു ഇഴച്ചില്‍ അനുഭവപെട്ടു എങ്കിലും പിന്നീട് പ്രേക്ഷ കരെ ചിത്രം പിടിച്ചിരുത്തുന്ന രീതിയിലാണ് കഥ പറഞ്ഞ് പോകുന്നതെന്നും കമന്റുകളുണ്ട് .

കോവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.