വൃക്കരോഗത്തിന് ചികിത്സ തേടി റാണ അമേരിക്കയില്‍?; ഔദ്യോഗിക പ്രതികരണത്തിന് കാത്ത് ആരാധകര്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലെന്ന് അഭ്യൂഹങ്ങള്‍. റാണ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് റാണ അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയെന്നുമാണ് വിവരം.

കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലാണെന്നാണ് വിവരം. അമ്മ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ കിഡ്‌നി മാറ്റിവയ്ക്കുന്നതുപോലുള്ള കാര്യങ്ങളില്‍ തീരുമാനാകൂ.

എന്നാല്‍ രോഗ വിവരം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. റാണയുടെ ട്വീറ്റുകളില്‍ ആരാധകരില്‍ ചിലര്‍ രോഗവിവരങ്ങള്‍ തിരക്കുന്നുമുണ്ട്. ഈ വിഷയത്തില്‍ ഔദ്യോഗികമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.