കോവിഡ് കാലത്തും തലൈവര്‍ മാജിക്‌; രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടി കടന്ന് 'അണ്ണാത്തെ'

രണ്ടു ദിവസങ്ങള്‍ കൊണ്ട് 100 കോടി പിന്നിട്ട് രജനികാന്ത് ചിത്രം ‘അണ്ണാത്തെ’. രജനി ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ശിവ ചിത്രമൊരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും റെക്കോര്‍ഡ് കളക്ഷനാണ് സിനിമ നേടുന്നത്.

ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 70 കോടി കലക്ഷന്‍ ആദ്യ ദിനം നേടിയെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാല ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യ ദിനം തന്നെ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്നായി 34.92 കോടി രൂപയാണ് അണ്ണാത്തെയുടെ കളക്ഷന്‍.

ആന്ധ്രാ-തെലങ്കാന എന്നിവടങ്ങളില്‍ നിന്ന് 3.06 കോടി, കര്‍ണാടകയില്‍ നിന്ന് 4.31 കോടി, കേരളത്തില്‍ നിന്നും 1.54 കോടി രൂപയും അണ്ണാത്തെയ്ക്ക് കിട്ടി. ഇപ്പോഴും ഹൗസ് ഫുള്‍ ആയി തുടരുന്ന ചിത്രം ഈ വന്‍നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. രജനികാന്തിന്റെ 168-ാമത്തെ ചിത്രം കൂടിയാണ് അണ്ണാത്തെ.

ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്ന കാളിയന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. നയന്‍താരയാണ് രജനിയുടെ നായിക. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.