രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം കൂലിക്കായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ആരാധകരിൽ വീണ്ടും ആവേശം നിറച്ചുകൊണ്ടാണ് സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്ന ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ക്യാരക്ടർ പോസ്റ്റർ ഇറങ്ങിയത്. കൂലിയിൽ ദഹാ എന്ന കഥാപാത്രമായാണ് ആമിർ എത്തുക. രജനി ചിത്രത്തിൽ താനും ഉണ്ടാവുമെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ആമിർ ഖാൻ സൂചന നൽകിയിരുന്നു. അതേസമയം കൂലിയിൽ രജനിയുടെ എതിരാളിയായി ആണോ ആമിർ എത്തുന്നതെന്ന് ചോദിച്ച് എത്തുകയാണ് ആരാധകർ.
എന്നാൽ ജയിലറിൽ മോഹൻലാലും ശിവരാജ് കുമാറും ചെയ്ത പോലെ രജനിയുടെ സുഹൃത്തായിട്ടാകും ആമിർ ഖാൻ എത്തുകയെന്നും ചിലർ പ്രവചിക്കുന്നു. കറുത്ത ബനിയൻ ധരിച്ച് സ്മോക്ക് ചെയ്യുന്ന ആമിർ ഖാന്റെ ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. പത്ത് ദിവസത്തോളം ആമിർ കൂലിയുടെ ഷൂട്ടിങിന് വേണ്ടി മാറ്റിവച്ചിരുന്നു. സിനിമയിൽ പതിനഞ്ച് മിനിറ്റോളം താരം പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Read more
വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് കൂലി. രജനിക്കും ആമിറിനും പുറമെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തുടർച്ചയായി രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ ഒരുക്കിയ ലോകേഷ് രജനികാന്തിനൊപ്പം ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളമാണ്. ഓഗസ്റ്റ് 14നാണ് കൂലി ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. അനിരുദ്ധ് ഒരുക്കിയ സിനിമയിലെ പാട്ടുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.









