പ്രണവിന്റെ പീക്ക് ലെവല്‍, കണ്ട് പേടിക്കാന്‍ മാത്രമുള്ളതല്ല 'ഡീയസ് ഈറെ'; കോടികള്‍ കടന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ കോമ്പോ ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച ഓപ്പണിങ് കളക്ഷന്‍ ആണ് സാക്‌നിക് ഡോട്ട് കോം പുറത്തുവിട്ടിരിക്കുന്നത്. സിനിമ ഇതുവരെ 1.28 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.

പേടിച്ചു വിറച്ചു പോയി എന്നാണ് തിയേറ്റര്‍ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകരും പറയുന്നത്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിലേതെന്നും സിനിമയുടെ മേക്കിങ് അതിഗംഭീരമായിരുന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. സാങ്കേതികമായും ചിത്രം മികച്ചു നിൽക്കുന്നു എന്നാണ് ഭൂരഭാഗം പേരും അഭിപ്രായപ്പെടുന്നത്. സംവിധാനം, ക്യാമറ, മ്യൂസിക്, എഡിറ്റിങ്, ആർട്ട്‌, സൗണ്ട് തുടങ്ങി എല്ലാ വിഭാഗവും ഒന്നിനൊന്നു മെച്ചം.

പൊട്ടി വീണ ചായ കോപ്പയില്‍ നിന്ന് വീഴുന്ന ചായക്ക് വരെ ഭീതി പടര്‍ത്താന്‍ കഴിയുന്ന രാഹുല്‍ സദാശിവന്‍ മാജിക് ആണ് ഡീയസ് ഈറേയില്‍ കണ്ടത്. തിയേറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ചിത്രമാണ് ഡീയസ് ഈറെ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more

രാഹുൽ സദാശിവന്റെ സിനിമയുടെ അവതരണവും പ്രണവിന്റെ പ്രകടനവും സിനിമയുടെ മുതൽക്കൂട്ടാണ്. അരുൺ അജികുമാർ, ജിബിൻ ഗോപിനാഥ് എന്നിവരും കയ്യടിപ്പിക്കുന്ന പ്രകടനമാണ്. മലയാളത്തിൽ വിരലിലെണ്ണാവുന്ന ഹൊറർ ചിത്രങ്ങളിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയുന്ന ഒരു തിയറ്റർ അനുഭവമാകും ചിത്രം സമ്മാനിക്കുക.