കുഞ്ചാക്കോ ബോബൻ മലയാള സിനിമയുടെ ആമിർ ഖാൻ,  വില്ലനിസ്റ്റിക് ആയ നടനെ കാണാൻ ആഗ്രഹമെന്ന് രാഹുൽ ഈശ്വർ

നായാട്ട് സിനിമയിലെ നടന്‍ കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ അഭിനന്ദിച്ച്  രാഹുല്‍ ഈശ്വര്‍.

അനിയത്തിപ്രാവ് എന്ന സിനിമ കണ്ട് താൻ അസൂയയോടെ നോക്കിയ കുഞ്ചാക്കോ ബോബൻ നായാട്ടില്‍ എത്തിയപ്പോഴേക്കും ഒരു അസാദ്ധ്യ നടനായി വളർന്നുവെന്ന് രാഹുൽ ഈശ്വർ പറയുന്നു. മലയാളത്തിൻൻറെ ആമിർ ഖാനാണ് അദ്ദേഹമെന്നും രാഹുൽ ഈശ്വർ പറയ്യുന്നു.

മലയാള സിനിമയുടെ ആമിർ ഖാൻ ആണ് കുഞ്ചാക്കോ ബോബൻ. 1997 – ൽ തിരുവനന്തപുരം കൃപ തിയേറ്ററിൽ അനിയത്തിപ്രാവ് കണ്ട് ഒരു ‘പുതിയ ചോക്ലേറ്റ് ഹീറോയെ’ അസൂയയോടെ നോക്കിയത് ഇന്നും ഓർമ്മയുണ്ട്. 2021 – ൽ നായാട്ട് കണ്ടപ്പോഴാണോർത്തത് കുഞ്ചാക്കോ ബോബൻ എന്തൊരു അസാദ്ധ്യ നടനായാണ് വളർന്നത് എന്ന്.

നായാട്ടിലെ മറ്റു കഥാപാത്രങ്ങളെ പോലെ ആയിരുന്നില്ല, സി പി ഓ പ്രവീൺ മൈക്കിൾ. തന്റെ കൂടെ തന്നെ ഉള്ള മറ്റു രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ പോലെ ലൗഡ് ആയി പെർഫോം ചെയ്യാനുള്ള സാദ്ധ്യത പ്രവീണിനുണ്ടായിരുന്നില്ല. എന്നാൽ തന്റെ കൂടെയുള്ള രണ്ടു പേരുടെ സംഘർഷങ്ങളിലും വേദനകളിലും കൂടെ നിൽക്കാനും ഏത് അവസ്ഥയിലും അവരെ ചേർത്തു നിർത്തി കൂടെ കൊണ്ട് പോകാനും പ്രവീണിനായി. ഇതിനൊപ്പം തന്നെ അയാളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശകളും ആശങ്കകളും നിസ്സഹായതയുമെല്ലാം വളരെ പതിഞ്ഞു അതെ സമയം തന്നെ ആഴത്തിൽ കാണികളിലേക്കെത്തിക്കണമായിരുന്നു.

ഒരു നടനെ സംബന്ധിച്ച് അതൊട്ടും എളുപ്പമല്ല, ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാൽ ആ കഥാപാത്രവും സിനിമയും തന്നെ കൈവിട്ട് പോകും. അവിടെ കുഞ്ചാക്കോ ബോബൻ അങ്ങേയറ്റം കൈയൊതുക്കത്തോടെ കാണികളെ പിടിച്ചിരുത്തി കൊണ്ട് തന്നെ ആ കഥാപാത്രമായി സിനിമയെ മുന്നോട്ട് നയിച്ചു. അയാൾ അമ്മയുടെ വസ്ത്രങ്ങൾ കഴുകിയിടുന്ന രംഗമുണ്ട്.

നായാട്ടിൽ..ഭയങ്കര ലൗഡ് ആയി എടുത്ത് കാണാൻ, ഒരുപക്ഷെ മറ്റൊരു രീതിയിൽ ആഘോഷിക്കാൻ പാകത്തിനുള്ള ആ രംഗവും ഇതേ പതിഞ്ഞ താളത്തിലാണ് അയാൾ ചെയ്യുന്നത്. സഹപ്രവർത്തകയോട് അയാൾ പിന്നീട് കാണിക്കുന്ന പരിഗണന ഇതിന്റെ തുടർച്ചയാണ്.
24 വർഷമായി മലയാളികളുടെ മുന്നിൽ അയാളുണ്ട് . ഒരു കാലത്തെ പെൺകുട്ടികളുടെ പ്രിയപ്പെട്ട കാമുകനായി വന്നു നമുക്ക് മുന്നിൽ വന്നയാളാണ്. ഇതിനിടക്ക് ട്രാഫിക്കിലൂടെ ഹൗ ഓൾഡ് ആർ യു വിലൂടെ, സ്പാനിഷ് മസാലയിലൂടെ വിശുദ്ധനിലൂടെ ഒക്കെ തന്നിലെ നടന്റെ വ്യത്യസ്തതകൾ അവതരിപ്പിച്ച് അയാൾ കൈയടി വാങ്ങി. അഞ്ചാം പാതിരയും നിഴലും അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. 24 വർഷത്തെ കരിയറിൽ ഇദ്ദേഹത്തിലെ നടന്റെ സാദ്ധ്യതകളുടെ ഒരംശം മാത്രമേ ഈ സിനിമകൾ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നും.വളരെ മസ്കുലിൻ ആയ, വില്ലനിസ്റ്റിക് ആയ കുഞ്ചാക്കോ ബോബനെയും സ്‌ക്രീനിൽ കാണാൻ ആഗ്രഹമുണ്ട്. നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി അയാളിലെ നടനെ ഉപയോഗിക്കാൻ മലയാള സിനിമക്ക് വരും കാലങ്ങളിൽ സാധിക്കട്ടെ