പാര്‍വതി തിരുവോത്ത് അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്ററില്‍ ഖുറാനിലെ വാക്യങ്ങള്‍; ട്വിറ്ററില്‍ ബാന്‍ ക്യാമ്പെയന്‍

നവരസ ആന്തോളജിക്ക് എതിരെ ബാന്‍ ക്യാമ്പെയ്ന്‍. നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യം ഉപയോഗിച്ചത്.

തമിഴ് ദിനപത്രമായ ഡെയിലി തന്‍തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗ് ട്രെയന്‍ഡിംഗ് ആകാന്‍ തുടങ്ങിയത്. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണ്, നെറ്റ്ഫ്ലിക്സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണം എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവശ്യം.

മതവികാരത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം ചെയ്ത് ചിത്രം പ്രമോട്ട് ചെയ്യാന്‍ മറ്റ് വഴികള്‍ സ്വീകരിക്കണം എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. ഇന്നലെയാണ് നവരസ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. മണിരത്‌നം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 9 സംവിധായകരും നിരവധി താരങ്ങളും ഒത്തു ചേരുന്നു.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാനയി ഒരുക്കിയ നവരസയില്‍ പ്രതിഫലം വാങ്ങാതെയാണ് ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചത്.