'പൊന്നിയിന്‍ സെല്‍വന്‍ 2' പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ?; പ്രേക്ഷക പ്രതികരണം

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിന് ഗംഭീര പ്രതികരണങ്ങള്‍. നന്ദിനി-കരികാലന്‍ ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിക്രം സ്‌കോര്‍ ചെയ്യുന്നു. കാര്‍ത്തിയും ഐശ്വര്യ റായ്‌യും ഗംഭീരം. ജയം രവി പിന്തുണയ്ക്കുന്നു എന്നിങ്ങനെയാണ് ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ആദ്യ പ്രതികരണങ്ങള്‍.

”കാര്‍ത്തി പറഞ്ഞ പോലെ…..മണിരത്നം സാറിന് റൊമാന്റിക് സീന്‍സ് എടുക്കാന്‍ ഒരു പ്രേത്യക കഴിവാണ്… മൊത്തത്തില്‍ കമ്പയറിങ് ടു പാര്‍ട്ട് വണ്‍ ലാഗ് കുറവാണു.. എല്ലാവരെയും സാറ്റിസ്‌ഫൈ ചെയ്യാന്‍ പുള്ളി മാക്‌സിമം നോക്കീട്ടുണ്ട്..” എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.

”സംഗീതം നന്നായി ചേര്‍ന്നു പോകുന്നു. മികച്ച കലാസംവിധാനം. പതിയെയുള്ള കഥപറച്ചില്‍. രോമാഞ്ചമുണ്ടാക്കുന്ന അധികം മുഹൂര്‍ത്തങ്ങള്‍ ഇല്ലെങ്കിലും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രം. വൃത്തിയുള്ള ഒരു പിരീഡ് ഡ്രാമ” എന്നാണ് മറ്റൊരു പ്രതികരണം.

നന്ദിനി, മന്ദാകിനി എന്നീ ഡബിള്‍ റോളില്‍ ഐശ്വര്യ റായ് ഞെട്ടിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് ഈ ചിത്രം എന്നാണ് മറ്റൊരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ബാഹുബലി 2വിനേക്കാള്‍ മികച്ച ചിത്രമാണ് ഇത്. പല ഭാഗങ്ങളില്‍ വര്‍ക്ക് ആയിട്ടുള്ള, മൊത്തത്തില്‍ തൃപ്തികരമായ അനുഭവം പകരുന്ന പിരീഡ് ഡ്രാമയാണ് പിഎസ് 2.

മികച്ച കലാസംവിധാനത്തിനും ഗാനങ്ങള്‍ക്കുമൊപ്പം കൊള്ളാവുന്ന നാടകീയതയും ചിത്രത്തിന് മിക്ക ഭാഗങ്ങളിലും ഉണ്ട്. പക്ഷേ ചിത്രത്തിന്റെ പതിഞ്ഞ താളം ചിലയിടങ്ങളില്‍ വിനയാവുന്നുണ്ട് എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ 5, 6 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. യുഎസില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ രാവിലെ 9 നാണ് ആദ്യ ഷോകള്‍ ആരംഭിക്കുന്നത്.