മമ്മൂക്ക ക്ഷീണിച്ചിരുന്നു, സ്റ്റണ്ട് സീന്‍ അനിമേഷനില്‍ എടുക്കേണ്ടി വന്നു, രണ്ടാം ഭാഗം ചെയ്യാന്‍ ആഷിഖിന് താത്പര്യമുണ്ട്; പരാജയ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. 2014ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് 2019ല്‍ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിച്ചിരുന്നു.

ഗ്യാംങ്സ്റ്റര്‍ ചിത്രത്തെ കുറിച്ച് സഹനിര്‍മ്മാതാവായ സന്തോഷ് ടി. കുരുവിള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഗ്യാങ്സ്റ്റര്‍ ചിത്രീകരണ സമയത്തേക്ക് തിരക്കഥ പൂര്‍ത്തിയായിട്ടില്ലായിരുന്നു. ആ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ ആളുകള്‍ അംഗീകരിക്കുന്നുണ്ട്.”

”അവസാനത്തെ സ്റ്റണ്ട് ഒക്കെ നമുക്ക് അനിമേഷനില്‍ എടുക്കേണ്ടി വന്നു. കാരണം നടന്‍ ശേഖറിന് ആ രംഗങ്ങളുമായി ഒത്തിരി ദിവസം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പൊടിയൊക്കെയുള്ള ഒരു മുറിയില്‍ ആയിരുന്നു അതിന്റെ ചിത്രീകരണം. ശേഖര്‍ റെഡിയായി വരുമ്പോഴേക്ക് മമ്മൂക്ക ക്ഷീണിച്ചു.”

”അതുകൊണ്ട് അനിമേഷനിലേക്ക് പോവേണ്ടി വന്നതാണ്. തുടക്കത്തിലെ ടൈറ്റിലിന് ശേഷമുള്ള അനിമേഷന്‍ പ്രാധാന്യത്തോടെ ചെയ്തതായിരുന്നു. റിലീസ് സമയത്ത് ബാലരമയൊക്കെ പോലെ ഒരു ചിത്രകഥാ പുസ്തകമായി ഇറക്കാന്‍ ആലോചിച്ചിരുന്നു. അവസാനത്തെ സ്റ്റണ്ട് സീന്‍ അമിനേഷന്‍ ആയത് ജനത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.”

”ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമ എടുത്താല്‍ കൊള്ളാണെന്ന് ആഷിഖിന് താല്‍പര്യമുണ്ട്. ചിലപ്പോള്‍ അത് വരാം. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം പ്ലാന്‍ ചെയ്തതാണ്. ഗ്യാങ്സ്റ്ററില്‍ എന്തെങ്കിലും പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി ചെയ്യുക എന്ന ലക്ഷ്യവുമായി” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ടി. കുരുവിള പറയുന്നത്.