ബിഗില്‍ ഇരുപത് കോടി നഷ്ടം; വാർത്തയിൽ  പ്രതികരിച്ച് നിർമ്മാതാവ്

ബിഗിലിന് 20 കോടി നഷ്ടമെന്ന വാർത്ത വ്യാജമെന്ന് നിർമ്മാതാവ് അർച്ചന കൽപാതി.  ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം  ഫ്ളോപ്പാണെന്ന കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത് എന്ന്  ഒരു ദേശീയ മാധ്യമം അവകാശപ്പെട്ടിരുന്നു.

ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാൽ ചിത്രം ലാഭത്തിലായില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞതായാണ് വാദം.

എന്നാൽ ഇതിനെതിരെ  നിർമ്മാതാക്കളിലൊരാളായ അർച്ചന കൽപാതി രംഗത്തുവന്നു. ഇത് വ്യാജവാർത്തയാണെന്ന് ഇവർ സ്ഥിരീകരിച്ചു.

എജിഎസ് പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിന്റെ കളക്‌ഷൻ കൃത്യമായി ഫയൽ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നിർമ്മാതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്‌യും ചോദ്യം ചെയ്യലിനായി സഹകരിച്ചിരുന്നു. ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ ബിഗിൽ ചിത്രത്തിന്റെ കളക്ഷൻ 300 കോടിയാണ് എന്ന് പരാമർശിക്കുന്നുണ്ട്.