50000 തരം വസ്ത്രങ്ങള്‍, തലപ്പാവിന് വേണ്ടി മാത്രം വിദഗ്ധന്‍; പൃഥ്വിരാജിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍

അക്ഷയ് കുമാറിന്റെ ചരിത്ര സിനിമ ‘പൃഥ്വിരാജ്’ തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന ഈ സിനിമ ചെയ്യാനായി നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഡോ ചന്ദ്ര പ്രകാശ് ദ്വിവേദി.

സിനിമയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി 50,000 തരം വസ്ത്രങ്ങളും 500 തലപ്പാവുകളുമാണ് തയ്യാറാക്കിയതെന്നാണ് സംവിധായകന്‍ പറയുന്നത്. ‘പൃഥ്വിരാജ്’ പോലൊരു സിനിമ സ്‌ക്രീനിലെത്തിക്കുമ്പോള്‍ ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരുന്നു എന്നും ചന്ദ്രപ്രകാശ് ദ്വിവേദി പറയുന്നു. അന്നത്തെ കാലത്ത് രാജാക്കന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് എല്ലാവര്‍ക്കും തയ്യാറാക്കിയിരുന്നത് . പക്ഷേ തലപ്പാവുണ്ടാക്കാന്‍ മാത്രമായി ഒരു വിദഗ്ധന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ‘പൃഥ്വിരാജി’നെതിരെ കാര്‍ണി സേനയും രംഗത്തെത്തി.അലഹബാദ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയുമായി കര്‍ണി സേന നല്‍കുകയും ചെയ്തിരുന്നു. റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടു വെച്ചത്. ഇതിനെല്ലാം മറികടന്നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക.