തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ്; എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളുമായി പ്രണയമീനുകളുടെ കടല്‍

എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളുമായി വിനായകന്‍ നായകനാകുന്ന പ്രണയമീനുകളുടെ കടല്‍. മലയാളത്തില്‍ ആദ്യമായി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ് ആണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. സാധാരണ ഫ്ളെക്‌സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക് എന്നാലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരീക്ഷണം. സാധാരണ ഫ്െളക്‌സുകള്‍ പോലെ കാഴ്ച്ചയില്‍ ഭംഗി തോന്നിക്കുന്നവ അല്ല ഇവയെങ്കിലും സാമൂഹിക പ്രതിബന്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുന്നത്.

കമലസുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രമാണിത്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. ഏറ്റവും ഒടുവില്‍ 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനാണ് നായകന്‍. ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍.