'ബ്യൂട്ടിഫുള്‍, അയാളുടെ ആക്ഷന്‍ രംഗങ്ങള്‍ അസാധ്യം'; ആദിയെ കുറിച്ച് ഷാജി കൈലാസ്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ആരാധകര്‍ തീര്‍ത്ത ആവേശത്തിനിടയില്‍ റിലീസ് ചെയ്തു. സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചിയില്‍ സിനിമ കണ്ടു. നല്ല ആക്ഷനും സസ്പെന്‍സുമെല്ലാം കോര്‍ത്തിണക്കിയൊരുക്കിയ ആദിയുടെ ആദ്യ പ്രദര്‍ശനം. കൊച്ചിയിലെ പത്മ തിയറ്ററില്‍ ചിത്രം കണ്ട സുചിത്ര മോഹന്‍ലാലിന് മകന്‍ പ്രണവിനെയും ആദിയെയുംക്കുറിച്ച്, നിറഞ്ഞ സന്തോഷം മാത്രമാണെന്ന് പ്രതികരിച്ചു. സംവിധായകന്‍ ജീത്തു ജോസഫും സന്തോഷം പങ്കിട്ടു. മനോഹരമായ സിനിമയാണെന്നും ആക്ഷന്‍ രംഗങ്ങള്‍ അസാധ്യമാണെന്നും സംവിധായകന്‍ ഷാജി കൈലാസും പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ കേരളത്തിലുടനീളം വലിയ ആഘോഷങ്ങളാണ് ആരാധകര്‍ ഒരുക്കിയിരുന്നത്. ആഘോഷം ആരാധകര്‍ക്ക് മാത്രമല്ല. അച്ഛന്‍ മോഹന്‍ലാലും ആദിയെ വരവേല്‍ക്കാനുളളവലിയ ഒരുക്കത്തിലായിരുന്നു. ആദിക്കായി മുംബൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ബാന്‍ഡ്അപ് ഗ്രൂപ്പാണ് പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. രാത്രി എട്ടുമണിക്ക് മുംബൈ സിനിപോളിസ് തിയേറ്ററിലാണ് മോഹന്‍ലാല്‍ ആദി കാണുക,

അജോയ് വര്‍മ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. അതുകൊണ്ട് തന്നെആദിക്ക് മുംബൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. അജോയ് വര്‍മ ചിത്രത്തിന്റെ 125 അണിയറ പ്രവര്‍ത്തകരോടൊപ്പമാണ് മോഹന്‍ലാല്‍ ആദി കാണുക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. സിദ്ധിഖ്, ലെന, അനുശ്രീ, അദിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.