ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു; പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നടന്‍ പൊന്നമ്പലം

വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നടന്‍ പൊന്നമ്പലം. ഒരു വര്‍ഷത്തിലേറെയായി വൃക്ക സംബന്ധിയായ അസുഖത്താല്‍ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ബന്ധുവും ഷോര്‍ട്ട് ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നല്‍കിയത്.

ഫെബ്രുവരി 6ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ഫെബ്രുവരി പത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവര്‍ത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യര്‍ത്ഥിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും പൊന്നമ്പലം നന്ദി അറിയിച്ചു. അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം ഇരുപതിലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.

Read more

തുടര്‍ന്ന് സഹായവുമായി നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ എത്തിയിരുന്നു. സ്റ്റണ്ട്മാനായാണ് സിനിമയില്‍ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്.