പെണ്‍കുട്ടികളുടെ രക്ഷകന്‍ വിക്കി; 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ സൗബിന്‍ ലുക്ക്

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു തുടങ്ങി. ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വന്നിരുക്കുന്നത്. വിക്കി എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകുമെന്നാണ് സൗബിന്റെ കഥാപാത്രത്തിന് ദുല്‍ഖര്‍ നല്‍കുന്ന വിശേഷണം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ദുല്‍ഖറാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ നമുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീം ആണ്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

https://www.facebook.com/DQSalmaan/photos/a.265084923593993/1713224645446673/?type=3&theater

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികാമാര്‍. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്. ചിത്രം ഏപ്രില്‍ 25 ന് തിയേറ്ററുകളിലെത്തും.