ഫഹദ് ഫാസിലിനും നവ്യയ്ക്കും പുരസ്ക്കാരം നഷ്ടമായത് അവസാന റൗണ്ടില്‍; മേയ്ക്കപ്പ് എതിർപ്പായി

അറുപത്തിയേട്ടമത് നാഷണൽ ഫിലിം അവാർഡിന്റെ അന്തിമ ഘട്ടം വരെ മലയാളി താരങ്ങളായ ഫഹദ് ഫാസിലും നവ്യാ നായരുമെത്തിയിരുന്നു. മികച്ച നടൻ, നടിക്കുള്ള പരിഗണനയിൽ മാലിക്കിലെ ഫഹദ് ഫാസിലിൻ്റെ പ്രകടനവും  ഒരുത്തി’യിലെ നവ്യാ നായരുടെ പ്രകടനവും പരിഗണിച്ചിരുന്നെങ്കിലും ചിത്രത്തിലെ ഫഹദിൻ്റെ  മേയ്ക്കപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ജൂറി അംഗങ്ങളിൽ ചിലർ എതിർപ്പ് ഉയർത്തുകയായിരുന്നു.

മികച്ച നടിക്കുള്ള പരി​ഗണനയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’യിലെ നവ്യാ നായരുടെ പ്രകടനവും അന്തിമ ഘട്ടത്തി‍ൽ പരിഗണിച്ചിരുന്നുവെങ്കിലും സുരറൈ പോട്ര്യിലെ  അപർണയുടെ പ്രകടനം മികവുറ്റതായി ജൂറി വിലയിരുത്തുകയായിരുന്നു.

ബോക്സ് ഓഫിസിൽ മാത്രമല്ല, ദേശീയ സിനിമ അവാർഡിലും പ്രാദേശിക ഭാഷകളുടെ കൊടിയേറ്റമാണു ഇക്കുറിയും കണ്ടത്. മലയാളം 8 പുരസ്കാരം നേടിയപ്പോൾ തമിഴും കൈ നിറയെ പുരസ്കാരങ്ങൾ നേടി. മികച്ച ചിത്രം, നടൻ, നടി, സഹ നടീനടൻമാർ, തുടങ്ങിയ പ്രധാന പുരസ്കാരങ്ങളെല്ലാം കേരളവും തമിഴ്നാടും ചേർന്നു വീതിച്ചെടുത്തു.

ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമകളാണ് ദേശീയ സിനിമ പുരസ്കാരത്തിൽ തിളങ്ങിയത് എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. കോവിഡ് പശ്ചത്തലത്തിൽ ആമസോൺ പ്രൈമിലാണു  സുരറൈ പോട്ര് റിലീസ് ചെയ്തത്.