മോളി കണ്ണമാലിക്ക് വിദഗ്ധ ചികിത്സ; സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി

നടി മോളി കണ്ണമാലിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സ തുടരുകയാണെന്നും വിശദമായ പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് ഒരു ദിവസം രാവിലെ മോളി വീട്ടില്‍ ബോധംകെട്ട് വീഴുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കടം വാങ്ങിയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നുമാണ് മകന്‍ ജോളി പറയുന്നത്.

ഐസിയുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകള്‍ക്ക് 5000ത്തിന് പുറത്ത് തുക ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി.

സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും ജോളി പറഞ്ഞു. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.

Read more

‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ ‘ചാള മേരി’ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ‘പുതിയ തീരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ‘ടുമോറോ’ എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.