സ്റ്റീഫന്‍ നെടുമ്പള്ളിയായി പ്രേക്ഷക മനം കീഴടക്കാന്‍ മോഹന്‍ലാല്‍; ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് തിയതി പുറത്ത്

സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ തിയേറ്റര്‍ പ്രവേശനം കാത്തിരിക്കുകയാണ്  ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍ എന്നതും ആരാധകരുടെ കാത്തിരിപ്പിനെയും ആകാംഷയെയും ഇരട്ടിപ്പിക്കുന്നു. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പുറത്തു വന്നു കൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഈ മാസം അവസാനം റിലീസിനെത്താനിരിക്കെ ട്രെയിലര്‍ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 22 ന് വൈകിട്ട് 6.30 ന് റിലീസ് ചെയ്യും. അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് ട്രെയിലര്‍ പുറത്തിറക്കുക. അബുദാബിയിലെ ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കും ചൂടുപിടിച്ചിട്ടുണ്ട്.

The wait is over !!!#Lucifer Middle East trailer launch on March 22nd, 6:30 Pm.

Posted by Lucifer on Wednesday, 13 March 2019

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും.