62- ന്റെ നിറവില്‍ മോഹന്‍ലാല്‍, ഇന്ന് പിറന്നാള്‍ , ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62 ാം പിറന്നാള്‍. ഖത്തറിലായിരുന്ന ലാല്‍ ജന്മദിനത്തില്‍ മുംബയിലെത്തും. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയില്‍.

നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ലാലേട്ടന്റെ പിറന്നാള്‍ ദിനം പതിവുപോലെ ആരാധകര്‍ ആഘോഷമാക്കും. സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ഇവര്‍ ഇന്ന് അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കും.

തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആര്‍. അനിലാണ് ഉദ്ഘാടനം ചെയ്യുക. 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.

Read more

അതേസമയം, ബറോസിന്റെ ചിത്രീകരണത്തിരക്കുകളിലാണ് നിലവില്‍ മോഹന്‍ലാല്‍. അവസാനഘട്ട ജോലികള്‍ക്കായി താരം അടുത്ത മാസം വിദേശത്തേക്കു പോകും.