മലയാളത്തിലേക്ക് 1000 കോടി എത്തിക്കാന്‍ മോഹന്‍ലാല്‍; 'ബറോസ്' വരുന്നു, റിലീസ് പ്രഖ്യാപിച്ചു

ആദ്യ സംവിധാന സംരംഭവുമായി മോഹന്‍ലാല്‍ വരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബറോസ്’ ഇനി തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററിലെത്തും.

2019ല്‍ പ്രഖ്യാപിച്ച ചിത്രം ഒഫീഷ്യലായി ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളായി 170 ദിവസത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്.

മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

‘നേര്’, ‘മലൈക്കോട്ടൈ വാലിബന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രമാണിത്.

ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. അതേസമയം, ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ എത്തിയിട്ടില്ല.