മോഹന്‍ലാലും മെന്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വ്യത്യസ്തമായ ഒരു തീയേറ്റര്‍ പ്രോജക്ട്

ഫാന്റസി പ്രോജക്ടുകളോടുള്ള മോഹന്‍ലാലിന്റെ താല്‍പര്യം പ്രശസ്തമാണ്. ഇപ്പോഴിതാ മെന്റലിസ്റ്റ് ആദിയുമായി ചേര്‍ന്ന് ഒരു തീയേറ്റര്‍ പ്രോജക്ടൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. വളരെ വ്യത്യസ്തമായി ഒരുക്കുന്ന ഈ പ്രോജക്ടിന്റെ പേര് ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്‌ലൈസ് എന്നാണ്. വരും ദിവസങ്ങളില്‍ ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.

അതേസമയം, ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. “ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍” എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ജിജോ നവോദയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.