'മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ'; മകൾക്ക് ആശംസകളുമായി മോഹൻലാൽ

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തുടക്കത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്. ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് വന്നതിന് പിന്നാലെ മകൾക്ക് ആശംസകളുമായി മോഹൻലാൽ രംഗത്തെത്തി.

‘മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ’ എന്നാണ് മകൾ വിസ്മയയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്. ‘മായക്കുട്ടി ,’തുടക്കം’ സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ’, എന്നാണ് മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം വിസ്മയയ്ക്ക് ആശംസകളുമായി ആന്റണി പെരുമ്പാവൂരുമെത്തി. ‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു’, എന്നാണ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞ് വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘തുടക്കം’. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Read more