കുളിസീനിന് രണ്ടാം ഭാഗം 'മറ്റൊരു കടവില്‍'; സ്വാസിക നായികയാവുന്ന ചിത്രത്തിന്റെ ടീസര്‍

പ്രശസ്ത ഷോര്‍ട്ട് ഫിലിം കുളിസീനിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രാഹുല്‍ കെ ഷാജിയുടെ സംവിധാനത്തില്‍ “മറ്റൊരു കടവില്‍” എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ ജൂഡ് ആന്റണിയും സിനിമ സീരിയല്‍ താരം സ്വാസികയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമതാരം അല്‍താഫ് മനാഫും ചിത്രത്തിലുണ്ട്.

2013 ല്‍ ഇറങ്ങിയ ഹിറ്റ് ഷോര്‍ട്ട് ഫിലിമാണ് കുളിസീന്‍. രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത് ആര്‍ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് കുളിസീന്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്.

രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു. കഥ രാഹുല്‍ കെ. ഷാജി, സുമേഷ് മധു. ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം. അടുത്തമാസം ചിത്രം പുറത്തിറങ്ങും.