കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും; 'ചാര്‍ലി'ക്ക് ശേഷം പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്

“ചാര്‍ലി”ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി “നായാട്ട്” എന്ന ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്നത്. നിമിഷ സജയനാണ് നായികയാവുന്നത്.

ജോജുവിന്റെ ഹിറ്റ് സിനിമ ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന. അനില്‍ നെടുമങ്ങാട്, യമ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗു നിര്‍വ്വഹിക്കുന്നു.

വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. അന്‍വര്‍ അലി ഗാനരചന. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. ഈ മാസം അവസാനത്തോടെ എറണാകുളത്ത് ചിത്രീകരണം പുനരാരംഭിക്കും.