'ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനും ഞങ്ങളുണ്ട് കൂടെ'; മരക്കാര്‍ ഒ.ടി.ടി റിലീസിനോട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തോട് അനുകൂല നിലപാട് അറിയിച്ച് മോഹന്‍ലാല്‍ ഫാന്‍സ് കൂട്ടായ്മ. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്.

”ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍; ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്. ഞങ്ങളുണ്ട് കൂടെ…” എന്നാണ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ വിമല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.