'ഇങ്ങേര് ഇത് എന്ത് കാണിച്ചാലും 'മനോഹരം' ആണല്ലോ'; വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും വന്‍ വരവേല്‍പ്പ്

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന “മനോഹര”ത്തിന്റെ ട്രെയിലറും സോങ് ടീസറും ഏറ്റെടുത്ത് ആരാധകര്‍. ഗംഭീര വരവേല്‍പ്പാണ് ടീസറിനും ട്രെയിലറിനും കിട്ടിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ എന്ത് ചെയ്താലും അത് മനോഹരമായിരിക്കും എന്ന കമന്റുകളാണ് കിട്ടികൊണ്ടിരിക്കുന്നത്.

“ഓര്‍മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായികയായി എത്തുന്നത്. മനു എന്ന ആര്‍ട്ടിസ്റ്റായാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. ടെക്‌നോളിയുടെ വരവോടെ പ്രതിസന്ധിയിലായ മനു ഫോട്ടോഷോപ്പ് പഠിക്കാന്‍ പോവുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.