വിസ്മയിപ്പിക്കാന്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും; ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി മനോഹരം ടീസര്‍

അന്‍വര്‍ സാദ്ദിഖിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്നമനോഹരത്തിന്റെ സോങ് ടീസര്‍ എത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയ ടീസര്‍ ചിത്രത്തിന്റെ പേര് പോലെ തന്നെ മനോഹരമാണ്. മുമ്പ് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിനും സോഷ്യല്‍മീഡിയയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ വിനീത് അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് മനുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അപര്‍ണ ദാസാണ് വിനീതിന്റെ നായികയായി എത്തുന്നത്.

ഫോട്ടോഷോപ്പിന്റെ വരവോടെ ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഫോട്ടോഷോപ്പ് പഠിക്കാന്‍ പോകുന്നതുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“ഓര്‍മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബോസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.