ഐ ആം എ കോംപ്ലാന്‍ ബോയ്; 'മനോഹരം' ട്രെയിലര്‍

“തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍” എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന “മനോഹരം” എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആര്‍ട്ടിസ്റ്റ് മനുവായാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ഫോട്ടോഷോപ്പിന്റെ വരവോടെ ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഫോട്ടോഷോപ്പ് പഠിക്കാന്‍ പോകുന്നതുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“ഓര്‍മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബോസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.