ക്രിമിനൽ കേസിൽ ഇടപെടാൻ പരിമിതി ഉണ്ട് ; മഞ്ജുവിനെ തൊഴിൽപരമായി പിന്തുണയ്ക്കുന്നു.. മഞ്ജു വാര്യർ- ശ്രീകുമാർ മേനോൻ വിഷയത്തിൽ 'അമ്മ' യും ഫെഫ്കയും

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയും തുടർന്നുണ്ടായ സംഭവങ്ങളും ഒക്കെയാണ് മലയാള സിനിമാലോകത്തെ ഞെട്ടിച്ച വാർത്തകൾ. മഞ്ജു വാര്യർ മലയാളത്തിലെ താര സംഘടനയായ അമ്മയ്ക്കും ശ്രീകുമാർ മേനോനെതിരെ പരാതിക്കത്ത് നൽകിയിരുന്നു. കത്തിനെ കുറിച്ചും മഞ്ജുവിന്റെ പരാതിയെ കുറിച്ചും “അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രതികരണങ്ങൾ ആണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ വാർത്ത.

മഞ്ജു വാര്യർ പൊലീസിൽ നൽകിയ പരാതിയിൽ സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതി ഉണ്ട്. അതെ സമയം തൊഴിൽപരമായി മഞ്ജു വാര്യരെ പൂർണമായും പിന്തുണയ്ക്കുന്നു എന്നും ഇടവേള ബാബു പറഞ്ഞു.

സമാന നിലപാട് ആണ് ഫെഫ്കയും സ്വീകരിച്ചത്. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ട് എന്ന് തന്നെയാണ് ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും പറഞ്ഞത്. ശ്രീകുമാർ മേനോൻ ഫെഫ്ക അംഗം അല്ല. ഇന്ന് രാവിലെയാണ് മൂന്നു വരിയിൽ ഒതുങ്ങുന്ന പരാതി ഫെഫ്കയ്ക്ക് നൽകിയത്.

പൊലീസ് ആസ്ഥാനത്ത് എത്തി ഇന്നലെ രാത്രിയോടെയാണ് മഞ്ജു വാര്യർ ഡി ജി പി ലോക്നാഥ് ബെഹ്‌റക്ക് നേരിട്ട് പരാതി നൽകിയത്. പരാതി അന്വേഷിച്ച ശേഷം ഉടൻ തുടർ നടപടികൾ ഉണ്ടാവും എന്ന് ഡി ജി പി അറിയിക്കുകയും ചെയ്തു. ഇപ്പോൾ പരാതി പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ്.