ലാല്‍ ജോസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി സൗബിനും മംമ്തയും; ചിത്രീകരണം ദുബായില്‍ ആരംഭിക്കുന്നു

ദുബായില്‍ ചിത്രീകരണം ആരംഭിക്കുന്ന ലാല്‍ ജോസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന മുഴുനീള സിനിമയാണിത്. ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മൂന്നു കുട്ടികളും പൂച്ചയും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ “ജാതിക്കാ തോട്ടം” എന്ന പാട്ടെഴുതിയ സുഹൈല്‍ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

“”വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബര്‍ പകുതിയോടെ ഷൂട്ടിങ്ങ്. പ്രി പ്രൊഡക്ഷന്‍ കാലത്തെ ഒരു അറേബ്യന്‍ സൈക്കിള്‍ സവാരിയുടെ വിശേഷങ്ങള്‍ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം..”” എന്ന കുറിപ്പോടെ നവംബര്‍ ആദ്യമാണ് ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് വ്യക്തമാക്കിയത്.