'ആക്ഷന്‍ പ്രേമി'കള്‍ക്കു വേണ്ടിയുള്ള ചിത്രമല്ല 'മാമാങ്കം'; ഇത് ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഇമോഷണല്‍ സിനിമ

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഇന്നലെ ലോകമെമ്പാടും റിലീസിനെത്തി. മലയാളി പ്രേക്ഷകര്‍ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്. റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. യുദ്ധവും കോലാഹലങ്ങളും മാത്രമാണ് മാമാങ്കം എന്ന് കരുതിയെങ്കില്‍ തെറ്റി. അത് പ്രതീക്ഷിച്ച് ചെല്ലുന്നവര്‍ക്ക് ഉള്ളതുമല്ല ഈ ചിത്രം. ചാവേറുകളുടെ കഥയിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിയിരിക്കുന്നത്.

കുടിപ്പകയുടെയും ധീരതയുടെയും ദേശാഭിമാനത്തിന്റെയും വീറും വീര്യവും നിറഞ്ഞ മഹോത്സവമാണ് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം. ചാവേര്‍ തറയിലെ പൊടിപാറുന്ന ജീവന്‍മരണ പോരാട്ടം മാത്രമല്ല ചിത്രം പറഞ്ഞു വയ്ക്കുന്നത്. ഇത് കുടിപ്പകയുടെയും പ്രതികാരാഗ്‌നിയുടെയും പിറകില്‍ കുഴിച്ചുമൂടപ്പെട്ട നഷ്ടങ്ങളുടെയും തീരാവേദനകളുടെയും അധികമാരും അറിയാത്ത കഥയാണ്. സ്വന്തം അച്ഛനെയും അമ്മയെയും ഭാര്യയെയും കുട്ടികളെയും വിട്ട് മരണം വരിക്കാന്‍ യാത്രയാകുന്ന ഒരാളുടെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ്. പ്രിയപ്പെട്ടവര്‍ ചാവേറുകളായി അകാലത്തില്‍ യാത്ര പറയുമ്പോള്‍ ഒറ്റയ്ക്കായി പോവുന്ന വള്ളുവനാട്ടിലെ സ്ത്രീകളുടെ വേദനയുടെയും സഹനത്തിന്റെയും കഥയാണ്. ആ ഇമോഷണല്‍ ടച്ച് അത്രമേല്‍ ആസ്വാദകരിലേക്ക് പകരാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ ജനസ്വീകാര്യതയിലൂടെ വെളിവാകുന്നത്.

Related image

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രത്തിന്‍രെ വരവ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രന്‍ ആണ്.