വീണ്ടും വില്ലന്‍ വേഷത്തില്‍ ഫഹദ്; ഇത്തവണ രാഷ്ട്രീയക്കാരന്‍!

മാരി സെല്‍വരാജ് ചിത്രം ‘മാമന്ന’നില്‍ പ്രതിനായകനായി ഫഹദ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തില്‍ നടനുള്ളതെന്നാണ് പുറത്തുവരുന്ന സൂചന.

‘മാമന്നന്‍’ സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന്‍ മാരി സെല്‍വരാജും ഫഹദും ചിത്രീകര്‍ണ വേളയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.

നടന് പുറമെ ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പ്രതിനായക വേഷമാണ് ഫഹദിന്റേത്. അതേസമയം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

‘മാമന്നന്‍’ ഒരു നടനെന്ന നിലയില്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ ഒരാളാണ് ഉദയനിധി സ്റ്റാലിന്‍.