ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് പരാതി; ധ്രുവ സര്‍ജ-രശ്മിക ചിത്രത്തിന് 14 കട്ട്

ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കന്നഡ ചിത്രം “പൊഗരു”വിലെ 14 രംഗങ്ങള്‍ നീക്കം ചെയ്തു. സിനിമയ്‌ക്കെതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നതോടെ കര്‍ണാടകം ഫിലിം ചേംബറും കര്‍ണാടക ബ്രാഹ്മിന്‍ ഡെവലപ്‌മെന്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനമുണ്ടായത്.

ധ്രുവ സര്‍ജയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പൊഗരു. സിനിമയിലെ ഒരു രംഗത്തില്‍ നായക കഥാപാത്രം ഒരു ബ്രാഹ്മണ പുരോഹിതന്റെ തോളില്‍ കാലു വെയ്ക്കുന്നുണ്ട്. ഈ രംഗം ഒരു യുവാവ് യൂട്യൂബില്‍ പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ചിത്രത്തിനെതിരെ വിവിധ ബ്രാഹ്മണ സമുദായ സംഘടനകള്‍ രംഗത്തെത്തി. കര്‍ണാടക ഫിലിം ചേംബറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി നേതാവ് ശോഭ കരന്തലജെയും സിനിമയ്‌ക്കെതിരെ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ കനത്തതോടെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നത്.

കഥയില്‍ മാറ്റങ്ങള്‍ വരാത്ത രീതിയിലാണ് രംഗങ്ങള്‍ മാറ്റുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ സംഭവത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ നന്ദകിഷോര്‍ നേരത്തേ മാപ്പ് പറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോര്‍ പറഞ്ഞു.