പാല്‍ക്കാരനും കൂലിപ്പണിക്കാരനും ഒന്നും നികുതിയിളവ് ചോദിക്കുന്നില്ല, ഇങ്ങനെ ഒരു ഹര്‍ജി ജീവിതത്തില്‍ കണ്ടിട്ടില്ല; വിജയ്ക്ക് പിന്നാലെ ധനുഷിന് കോടതിയുടെ വിമര്‍ശനം

നടന്‍ വിജയ്ക്ക് പിന്നാലെ ധനുഷിനെയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടില്‍ നിന്നും റോള്‍സ് റോയ്സ് ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്‍ ഇളവ് ആവശ്യപ്പെട്ടു കൊണ്ട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്. 2018ല്‍ ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സുപ്രീംകോടതിയില്‍ വെച്ച് പൂര്‍ത്തിയാക്കിയ ശേഷവും ധനുഷ് നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോടതി കുറ്റപ്പെടുത്തി.

നികുതിയുടെ 50 ശതമാനം ധനുഷ് അടച്ചുകഴിഞ്ഞെന്നും ബാക്കി തുക അടക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ചില്ല. സാധാരണക്കാര്‍ നല്‍കിയ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച റോഡുകളിലൂടെയാണ് നിങ്ങള്‍ ആഡംബര കാറുകള്‍ ഓടിക്കുന്നത്. ഇവിടെ പാല്‍ക്കാരനും ദിവസക്കൂലിക്കാരനും വരെ വാങ്ങിക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി കൊടുക്കുന്നുണ്ട്.

അവരാരും നികുതിയില്‍ ഇളവ് വേണമെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ വന്നില്ലല്ലോ. എന്തായാലും അങ്ങനെയൊരു ഹര്‍ജി എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇതുപോലെയുള്ള ഹര്‍ജികള്‍ കൊണ്ടാണ് ശരിക്കും പ്രാധാന്യം നല്‍കേണ്ട പല ഹര്‍ജികളും പരിഗണിക്കാന്‍ കോടതിക്ക് സമയം കിട്ടാത്തത്,’ ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം പറഞ്ഞു. ഉച്ചക്ക് 2.15ന് മുമ്പ് ബാക്കിയുള്ള നികുതിയടക്കണമെന്നും അതിനുശേഷം ഹര്‍ജി സംബന്ധിച്ച വിധി പ്രഖ്യാപിക്കാമെന്നുമാണ് കോടതി അറിയിച്ചത്.

നേരത്തെ വിജയ്ക്കെതിരെയും സമാനമായ വിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തായിരുന്നു വിജയ് കോടതിയെ സമീപിച്ചത്.